പകിട
പണ്ടുകാലത്തെ ഒരു വാശിയേറിയ മത്സരമായിരുന്നു പകിടകളി. പകിട കളിയ്കായി അന്യ ദേശങ്ങളില്‍ നിന്നും വരെ ആളുകള്‍ നമ്മുടെ നാട്ടിലേയ്ക് എത്തിയിരുന്നു. പണ്ടു പടിയൂരിലെ മികച്ച പകിട കളിക്കാരന്‍ കേളപ്പന്‍ അച്ചാച്ചനായിരുന്നു. ഒരു നാള്‍ മൂപ്പര് പകിട കളിക്കാനായി വടക്കാഞ്ചേരിയില്‍ പോയി. കേളപ്പന്‍ അച്ചാച്ചന്റെ പകിടകളിയിലെ സാമര്‍ത്ഥ്യം കേട്ട് വടക്കന്ചെരിയിലേക്ക് വിളിച്ചതായിരുന്നു. അവര്‍ക്ക് കേളപ്പന്‍ അച്ചാച്ചനെ പകിടകളിയില്‍ തോല്പിക്കണം അതായിരുന്നു അവരുടെ ഉദ്ദേശ്യം.
പകിട കളിയില്‍ താല്പര്യമുള്ളതിനാല്‍ കേളപ്പന്‍ അച്ചാച്ചന്‍ വടക്കന്ചെരിയിലേക്ക് പോയി. പകിട കളി കാണാന്‍ ധാരാളം പേരുണ്ടായിരുന്നു. പകിട കളി വളരെ വാശിയോടെ നടന്നു . അവസാനം കേളപ്പന്‍ അച്ചാച്ചന്‍ ജയിച്ചു . പകിട കളി കഴിഞ്ഞ ഉടനെ വടക്കന്ചെരിക്കാര്‍ അച്ചച്ചനോട് അടുത്ത ഒരു കളി കൂടി കളിയ്ക്കാന്‍ ആവശ്യപ്പെട്ടു . കേളപ്പന്‍ അച്ചാച്ചന്‍ അത് നിരാകരിച്ചു. അദ്ദേഹം അവരോടു പറഞ്ഞു , " ഇനി കളിക്കനമെന്ഗ്ഗില്‍ എന്റെ നാട്ടിലേയ്ക് വാ .. അവിടെ വന്നു എന്നെ തോല്പിച്ചാല്‍ ഞാന്‍ വീണ്ടും ഇവിടെ കളിയ്കാന്‍ വരാം" . വടക്കന്ചെരിക്കാര്‍ അച്ചച്ചന്റെ ഈ വെല്ലു വിളിയെ ഏറ്റെടുത്തു . അവര്‍ പടിയൂരിലെയ്ക്ക് വരാം എന്നേറ്റു.
ഒടുവില്‍ പടിയൂരിലെ ആ മത്സരദിനം വന്നെത്തി. ഇപ്പോഴത്തെ ദിവകരന്മാസ്റ്റെരുടെ വീടിന്റെ മുന്നിലായിരുന്നു മത്സരം. പടിയൂരിലെ ഇടവും ജനപ്രീതിയാര്‍ന്ന മത്സരമായിരുന്നു പകിട കളി . അതുകൊണ്ട് തന്നെ ധാരാളം ആളുകള്‍ മത്സരം കാണാനായി തടിച്ചു കൂടി . വടക്കന്ചെരിക്കാര്‍ അന്യദേശത്തു നിന്നും പകിടകളിയില്‍ കേമനായ ഒരാളെയാണ് മത്സരത്തിനായി ഇറക്കുമതി ചെയ്തത്. കേളപ്പന്‍ അച്ഛച്ചനും വടക്കാഞ്ചേരി ടീമുമായില്ല മത്സരം തുടങ്ങി. കളിയുടെ പകുതി ആയി തുടങ്ങിയപ്പോഴെയ്കും കാണികള്‍ക്ക് മനസ്സിലായി കളിക്കുന്ന ഈ രണ്ടുപേരും നിസ്സാരക്കാരല്ല എന്ന്. ഒടുവില്‍ കേളപ്പന്‍ അച്ചച്ചനു ജയിക്കണമെങ്കില്‍ രണ്ടു 12 ഉം ഒരു 10 ഉം വീഴണമെന്ന സ്ഥിതിയായി . കേളപ്പന്‍ അച്ചാച്ചന്‍ നമ്മുടെ കരിങ്കാളി മുത്തിയുടെ ഉപാസകനായിരുന്നു.
"എന്‍റെ കാര്ത്തുവേ കാണട്ടെ ഒരു 12 ............... "
എന്നുറക്കെ വിളിച്ചുകൊണ്ടു പകിട കറക്കി നിലത്തെക്കിട്ടു ... പകിട കറങ്ങി കറങ്ങി അവസാനം 12 വീണു. കാണികള്‍ മത്സരത്തില്‍ എല്ലാം മറന്നു ആര്‍പ്പു വിളിച്ചു. ഇനി കേളപ്പന്‍ അച്ചച്ചനു ജയിക്കാന്‍ വേണ്ടത് ഒരു 12 ഉം ഒരു 10 ഉം . കേളപ്പന്‍ അച്ചാച്ചന്‍ വീണ്ടും പകിടകള്‍ കയ്യിലെടുത്തു . ഒന്ന് കണ്ണടച്ച് തുറന്നിട്ട് ഉറക്കെ വീണ്ടും മുത്തിയേ വിളിച്ചു,
" എന്‍റെ കാര്ത്തുവേ , ഒന്നൂടെ കാണിക്കു നീ ഒരു 12 .......... "
എന്നിട്ട് പകിട കറക്കി എറിഞ്ഞു . പകിട നിലത്തു നിന്ന് കറങ്ങി .. അവസാനം ആ കറക്കം 12 ഇല്‍ നിന്ന്. കാണികള്‍ ഉറക്കെ വീണ്ടും ആര്‍പ്പു വിളിച്ചു. കാണികളുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചു. ഇനി കേളപ്പന്‍ അച്ചച്ചനു വേണ്ടത് ഒരു 10 ആണ് . ഇത് കണ്ടു കൊണ്ടിരുന്ന വടക്കാഞ്ചേരിക്കാരന്‍ അച്ചാച്ചനെ വെല്ലു വിളിച്ചു ,
" 12 കാണിച്ചതൊക്കെ ശരി , ഇനി 10 എങ്ങനെ ഇടുമെന്ന് കാണിച്ചുതാ..."
കേളപ്പന്‍ അച്ചാച്ചന്‍ പകിടകള്‍ കയ്യിലെടുത്തു . നെഞ്ചോടു ചേര്‍ത്തു വച്ച് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു എന്നിട്ട് ഉറക്കെ മാനത്തു നോക്കി ഉറക്കെ വിളിച്ചു ,
" എന്‍റെ കാര്ത്തുവേ...... , കാണിച്ചു കൊടുക്ക് ഒരു 10 ............ "
എന്നിട്ട് പകിടകള്‍ ആഞ്ഞു കറക്കി നിലതെയ്ക്കിട്ടു . പകിടകള്‍ നിലത്തു നിന്ന് കറങ്ങി. ആ കറക്കത്തില്‍ കാണാമായിരുന്നു ഒരു പകിട 5 ഉം മറ്റേ പകിട 3 ഉം ആണ് വീഴുക എന്ന് . 5 ഉം 3 ഉം വീണാല്‍ 8 മാത്രമേ വീഴുകയുള്ളൂ . 8 വീണാല്‍ കേളപ്പന്‍ അച്ചാച്ചന്‍ തോറ്റു പോകും.. ..
വടക്കന്ചെരിക്കാരന്റെ മുഖത്ത് തെളിച്ചം കണ്ടു .
പകിട നിന്ന് കറങ്ങുകയായിരുന്നു .. 8 ആണ് വീഴാന്‍ പോകുന്നതെന്ന് മനസ്സിലാക്കിയ കേളപ്പന്‍ അച്ചാച്ചന്‍ നെഞ്ജത്തടിച്ചുകൊണ്ട് ഉറക്കെ വിളിച്ചു ,
"ചതിച്ചല്ലോ കാര്ത്തുവേ ............................"
പെട്ടന്ന് 5 ഇല്‍ കറങ്ങി കൊണ്ടിരുന്ന പകിട 3 ഇല്‍ കറങ്ങിയിരുന്ന പകിടയെ കറങ്ങി വന്നു ഇടിച്ചു . ഒരു പകിട തെറിച്ചു പോയി 5 ഉം മറ്റേതു തെറിച്ചു പോയി 5 ഉം വീണു .
കണ്ടു നിന്നിരുന്നവര്‍ ഒരു നിമിഷത്തേക്ക് നിശബ്ദരായി . കേളപ്പന്‍ അച്ചാച്ചന്‍ ചാടി എഴുന്നേറ്റു ഉറക്കെ വിളിച്ചു ,
" എന്‍റെ കാര്ത്തുവേ....."
നാട്ടുകാര്‍ കേളപ്പന്‍ അച്ചാച്ചനെ പൊക്കിയെടുത്തു ആര്‍പ്പു വിളിച്ചു . ഈ തിരക്കിനിടയില്‍ വടക്കന്ചെരിക്കാരുടെ പോടീ പോലും കണ്ടില്ല ...
ഇത് പണ്ടു നടന്ന ഒരു സംഭവമാണ് . ഈ കഥ ഇവിടെ ഓര്‍മിപ്പിച്ചതിനു പിന്നില്‍ ഉള്ള ഉദ്ദേശ്യം പകിടകളിയുടെ പുനരുജ്ജീവനമാണ് . പഴയ കാല കളികള്‍ നമ്മെ വിട്ടു പിരിയും മുന്‍പേ അവയെ നമ്മുടെ വരും തലമുറക്കെങ്കിലും പരിചയപ്പെടുത്തുക. ..
കടപ്പാട് : ഒരു പടിയൂര്‍ക്കാരന്‍